മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന് സാമ്യമുണ്ട്.[അവലംബം ആവശ്യമാണ്] ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ് താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ് താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. ശാസ്താക്കളി, പാനയംകളി, യാത്രാക്കളി എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ ‘കുളി’യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച മലയരയന്മാർ ഇരുമുടിക്കെട്ടുകളുമായി വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുൻപേ ചൊവ്വര ദേശത്തെ നമ്പൂതിരിമാർ വന്ന് സംഘക്കളി നടത്തുന്നു. കുടുംബികൾ ചെമ്മരിയാടുകളെ ദേവിക്കു നടതള്ളും. ഈ പ്രാരംഭച്ചടങ്ങുകൾക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു.
ഒന്നാം താലപ്പൊലിയുടെ പൂർണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാൻറെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിൻ ദേവസ്വം ബോർഡാണ്. എന്നാൽ പണ്ട് രണ്ടാം ഉത്സവം അയിരൂർ അയ്യായിരം നായർ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം ദിവസത്തെ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാർ കൊല്ലവർഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീർന്നു. അതിനുശേഷം ദേവസ്വമാണ് നേരിട്ട് നടത്തുന്നത്. അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി ചോവന്മാരും ആറാം താലപ്പൊലി അരയന്മാരും ഏഴ് കണകന്മാരും എട്ടാമത്തേത് ചെറുമരുമാണ് നടത്തിയിരുന്നത്. പിൽക്കാലത്ത് അത് നാല് ദിവസമായി ചുരുങ്ങി.
പകൽ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ് താലപ്പൊലിയുടെ ചടങ്ങുകൾ. ഒരോ ദിവസവും അതത് നടത്തിപ്പുകാർ സ്ത്രീകൾ താലത്തിൽ കൊണ്ടുവരുന്ന ധനധാന്യങ്ങൾ വാദ്യമേള അകമ്പടിയോടെ ദേവിക്കു മുന്നിൽ ചൊരിയുന്നതാണ് പ്രധാന ചടങ്ങ്.
കടപ്പാട് : വിക്കിപീഡിയ