മകര വിളക്ക് മഹോത്സവം

ശബരിമല ശാസ്താവ്

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവം

ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയതിയാണ് ഈ ഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. ഇതിനെ മകരജ്യോതി എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയിക്കുക. ശബരിമല സന്നിധിയിൽ നിന്നും ഈ ദൃശ്യം വീക്ഷിക്കുവാൻ അനവധി ആളുകൾ എത്താറുണ്ട്.

മകരസംക്രമപൂജ
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിൻറെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിൽ സംക്രമാഭിഷേകം നടക്കും. തിരുവിതാംകൂർ രാജവംശത്തിന്റെ കവടിയാർ കൊട്ടാരത്തിൽ നിന്നു പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് സംക്രമവേളയിൽ അഭിഷേകം ചെയ്യുക

അയ്യപ്പന്റെ എഴുന്നള്ളത്ത്

മകരജ്യോതിക്കു ശേഷം രാത്രിയിൽ അയ്യപ്പനെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണി മണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് ആനയിക്കുന്നു.അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുന്നു.
മകരവിളക്ക് ഉത്സവം തുടങ്ങി എഴാം ദിവസം രാത്രി മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ കുരുത്തോലകളും പൂക്കളും കൊണ്ട് അലങ്കരിച്ച് ഗുരുതിക്കളം ഒരുക്കും. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഉണ്ടാക്കിയ ‘നിണം മലദേവതകൾക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.
ഗുരുതി കഴിഞ്ഞ് പിറ്റേന്നാൾ പുലർച്ചെ നട തുറന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടക്കും.ആ ദിവസം തീർഥാടകർക്കു ദർശനമില്ല. ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുൻപ് തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങും. തുടർന്ന് പന്തളം തമ്പുരാൻ ദർശനം നടത്തും. ഇൗ സമയം രാജപ്രതിനിധി അല്ലാതെ മറ്റാരും സോപാനത്തിൽ ഉണ്ടാകില്ല. പന്തളം തമ്പുരാൻ ദർശനം നടത്തിയ ശേഷം മേൽശാന്തി നട അടച്ച് ശ്രീകോവിലിൻറെ താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിക്കും. രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങും. തുടർന്ന് അടുത്ത ഒരു വർഷത്തെ പൂജകൾക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്കു താക്കോൽ കൈമാറുന്നതോടെ മകരവിളക്ക് ഉത്സവം സമാപിക്കും.

കടപ്പാട്  : വിക്കിപീഡിയ

Leave a comment

Design a site like this with WordPress.com
Get started